UDF

2011, ഡിസംബർ 18, ഞായറാഴ്‌ച

കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി

കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി

കളമശേരി: കേരളത്തില്‍ തമിഴ്നാട് സ്വദേശികള്‍ സുരക്ഷിതരാണെന്നും അവരെ ആക്രമിക്കുന്നതായുള്ള വാര്‍ത്ത കള്ളപ്രചാരണമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് ദേശീയതലത്തില്‍ നല്ല അംഗീകാരമാണ് ലഭിച്ചത്. തമിഴ്നാടിന് വെള്ളം കൊടുക്കുമെന്ന നിലപാടില്‍ മാറ്റമില്ല. വെള്ളം കൊടുക്കില്ളെന്ന് ഇതുവരെ കേരളം ഒരിടത്തും പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തമായ ഉറപ്പ് നല്‍കാന്‍ ആരുമായും ഏതുതലത്തിലും ചര്‍ച്ചക്ക് തയാറാണ്.പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനപ്രകാരം നല്ല അന്തരീക്ഷം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സമരം നിര്‍ത്തണമെന്ന് തീരുമാനമെടുത്തത്.ഇതിന് എല്ലാ രാഷ്ട്രീയ കക്ഷികളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിന് ദേശീയതലത്തിലും അംഗീകാരം ലഭിച്ചു.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതില്‍ കാര്യമായ ഉറപ്പൊന്നും കിട്ടിയില്ളെന്നുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍െറ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം കൂടിയിരുന്നാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നും ഒറ്റക്കല്ല സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് ഒരു മാസത്തെ സമയമാണ് നല്‍കിയത്.എന്നാല്‍, കേരളത്തെ സംബന്ധിച്ച് ഒരു സെക്കന്‍ഡ് മുമ്പേ പ്രശ്നം തീര്‍ക്കണമെന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.