UDF

2011, ഡിസംബർ 28, ബുധനാഴ്‌ച

പ്രൊഫ.എം.കെ.സാനുവിന് ആദരവുമായ് ആന്റണിയും രവിയും ഉമ്മന്‍ചാണ്ടിയും

കൊച്ചി: ഗുരുനാഥന് സ്‌നേഹാദരങ്ങളുമായ് കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണിയും വയലാര്‍ രവിയും. സംസ്ഥാന സര്‍ക്കാരിന്റെ അഭിനന്ദനങ്ങളുമായ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി... സാനുമാഷിന്റെ ഹൃദയം നിറഞ്ഞു. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ.എം.കെ.സാനുവിന് അനുമോദനങ്ങളുമായ് എത്തിയതായിരുന്നു നേതാക്കള്‍.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വയലാര്‍ രവിയാണ് ആദ്യമെത്തിയത്. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയും രാത്രി എട്ടേമുക്കാലിന് ആന്റണിയുമെത്തി.

മഹാരാജാസില്‍ ആന്റണിയുടേയും രവിയുടേയും അധ്യാപകനായിരുന്നു സാനുമാഷ്. 'എന്റെ ഗുരുനാഥനാണ് മാഷ്. ഒരു ശിഷ്യനായാണ് ഞാനിവിടെ എത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ ശേഷം ആദ്യമായാണ് എറണാകുളത്ത് വരുന്നത്. അവാര്‍ഡിന്റെ ചൂടാറും മുമ്പേ അഭിനന്ദിക്കാമെന്ന് കരുതി. പിന്നെ, ഞങ്ങള്‍ രണ്ടുപേരും ആലപ്പുഴക്കാരാണ്'- ആന്റണി പറഞ്ഞു. ആന്റണി ഒരു മാതൃകാ വിദ്യാര്‍ഥിയായിരുന്നുവെന്ന് സാനുമാഷ് ഓര്‍മിച്ചു. ഒരിക്കലും ക്ലാസ് കട്ട് ചെയ്യാറില്ലായിരുന്നു. മാഷിന്റെ ക്ലാസ് കട്ട് ചെയ്യാന്‍ തോന്നാറില്ലായിരുന്നുവെന്ന് ആന്റണിയുടെ മറുപടി. മഹാരാജാസില്‍ നിന്ന് പോന്ന ശേഷം സാനുമാഷുമായ് നിരന്തരം ബന്ധം പുതുക്കിയിരുന്നുവെന്ന് ആന്റണി പറഞ്ഞു. അര നൂറ്റാണ്ട് നീണ്ട ഹൃദയബന്ധമാണത്. കട്ടന്‍ചായയും കുടിച്ചാണ് ആന്റണി മടങ്ങിയത്.

ഭരണത്തിന്റെ ഭാരം എങ്ങനെയുണ്ട്? ദശരഥന്‍ പണ്ട് രാമനോട് ചോദിച്ച അതേ ചോദ്യമാണ് സാനുമാഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി ഒരു ചെറുചിരി മാത്രമായിരുന്നു. മൗനത്തിന് വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്ന് സാനുമാഷ്.



സുഖമില്ലാതെ കിടക്കുന്ന സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിച്ച കാര്യം സാനുമാഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. പണ്ടത്തെ അഗാധ സൗഹൃദവും പിന്നീട് തെറ്റിപ്പിരിഞ്ഞതും സാനുമാഷ് ഓര്‍മിച്ചു. അഴീക്കോട് തന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. തന്റെ അമ്മയും ഭാര്യയും അദ്ദേഹത്തിന്റെ തുണി അലക്കിക്കൊടുക്കുക വരെ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അവസാനിപ്പിച്ച സൗഹൃദം പിന്നീട് പുതുക്കിയെടുക്കുക ബുദ്ധിമുട്ടാണെന്ന് ടി.എസ്.എലിയറ്റിന്റെ വാക്കുകളെടുത്ത് സാനുമാഷ് പറഞ്ഞു. പക്ഷെ, ഇന്ന് അഴീക്കോടിനോട് സ്‌നേഹം മാത്രമേയുള്ളൂ.

സാനുമാഷ് കേരളത്തിനാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങള്‍ വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, പൊതുരംഗങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അര്‍ഹിച്ച അംഗീകാരമാണ് സാനുമാഷിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന നിയമസഭയുടെ ജൂബിലി ആഘോഷത്തിന് എത്തുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് സാനുമാഷ് മറുപടി നല്‍കി.

മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍.എ, കൗണ്‍സിലര്‍ ലിനോ ജേക്കബ് തുടങ്ങിയവര്‍ മുഖ്യന്ത്രിക്കൊപ്പമുണ്ടായിരുന്നു.