UDF

2011, ഡിസംബർ 21, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി


ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി



തിരുവനന്തപുരം:  മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ചു തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു.  അതേസമയം, കേരളത്തിലെ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ഇന്നു മൂന്നിനു ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്നതിനാണു തമിഴ്‌നാട്ടിലെ എഡിറ്റര്‍മാരുടെ യോഗം തിരുവനന്തപുരത്തു വിളിക്കാന്‍ തീരുമാനിച്ചത്.  ഇതിനായി മുഖ്യമന്ത്രിയുടെ ഓഫിസ് എഡിറ്റര്‍മാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ക്രിസ്മസ് സീസണ്‍ ആയതിനാല്‍ ഇവര്‍ക്കു ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും വിമാന ടിക്കറ്റ് ലഭിക്കുക ബുദ്ധിമുട്ടായി.  ഈ സാഹചര്യത്തിലാണു യോഗം മാറ്റിവച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രം സഹിതം കേരളത്തിന്റെ നിലപാട് വിശദീകരിച്ചുള്ള പരസ്യം വന്ന പത്രങ്ങള്‍ തമിഴ്‌നാട്ടിലെ ചിലര്‍  കത്തിച്ചത് ഒറ്റപ്പെട്ട സംഭവമായേ എഡിറ്റര്‍മാര്‍ കാണുന്നുള്ളു.  കേരളത്തിന്റെ പരസ്യങ്ങള്‍ നല്‍കുന്നതിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിലും അവര്‍ക്ക് ഇപ്പോഴും താല്‍പര്യമാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.