UDF

2011, ഡിസംബർ 19, തിങ്കളാഴ്‌ച

മലയാളികള്‍ക്കു നേരെ അക്രമം; നടപടിയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

ജയലളിതയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കണം. ഇരുമുഖ്യമന്ത്രിമാരും ചേര്‍ന്ന് സംയുക്ത പ്രസ്താവന നടത്താന്‍ തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി ജയലളിതയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തമിഴ്‌നാട്ടിലുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ ധാരാളമായി പുറത്തുവരുന്നു. തമിഴ്‌നാട്ടിലെ ഒരു വിഭാഗം അഭിഭാഷകര്‍ മലയാളികളെ ആക്രമിച്ച സംഭവം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ അവിടത്തെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണം.സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കണം. ജനങ്ങള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസം പകരുന്ന നടപടികളും ഉടന്‍ ഉണ്ടാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ സുരക്ഷിതരായിരിക്കാന്‍ കേരള സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംയമനം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ആഹ്വാനം ചെയ്തിട്ടുണ്ട്. കുമളി ഉള്‍പ്പെടെ എല്ലാ സംഘര്‍ഷ പ്രദേശങ്ങളിലും കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. ശബരിമലയിലേക്ക് വന്‍തോതില്‍ തീര്‍ത്ഥാടകര്‍ വന്നുകൊണ്ടിരിക്കുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പോലീസിന്റെയും ജനങ്ങളുടെയും പെരുമാറ്റത്തില്‍ തീര്‍ത്ഥാടകര്‍ ഏറെ സംതൃപ്തരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു കുട്ടികളാണ് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്യുന്നു. അവരും അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളും ഉത്ക്കണ്ഠയോടെയാണ് കഴിയുന്നത്.

എന്നാല്‍ ചില വ്യാജവാര്‍ത്തകളും കുപ്രചാരണങ്ങളും മൂലം സംഘര്‍ഷാവസ്ഥയുണ്ടാവുന്നു. കേരളത്തില്‍ നിന്നും ഓടിപ്പോയ തമിഴ്‌ജോലിക്കാര്‍ക്കു വേണ്ടി തേനിയില്‍ ക്യാമ്പ് തുറന്നെന്നും വനിതാ ജോലിക്കാരെ അപമാനിച്ചെന്നും ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതു തടയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇടപെടണം. തമിഴ്‌നാട്ടില്‍ നിന്ന് ധാരാളം പേര്‍ കേരളത്തിലെ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം കേരളത്തില്‍ സുരക്ഷിതരായിരിക്കുമെന്നും അത് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന രീതിയിലേക്ക് മുല്ലപ്പെരിയാര്‍ പ്രശ്‌നം വളര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും സന്മനോഭാവവുമാണ് കാംക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.