UDF

2011, ഡിസംബർ 11, ഞായറാഴ്‌ച

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും


തൃശൂര്‍: അര ലക്ഷത്തിലേറെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ക്ഷീണവും വിശപ്പുമകറ്റാന്‍ മുഖ്യമന്ത്രിക്ക് വിയ്യൂര്‍ ജയിലില്‍നിന്ന് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എത്തും. തൃശൂരില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന 15ന് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഉച്ചഭക്ഷണം വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍ തയാറാക്കുന്ന ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എന്ന ചപ്പാത്തിയും കറിയുമാണ്.

ജയില്‍ അന്തേവാസികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ചപ്പാത്തിയുടെ ബ്രാന്‍ഡ് നാമമാണ് ‘ടേസ്റ്റ് ദ ഫ്രീഡം’. ജനസമ്പര്‍ക്കപരിപാടിയില്‍ 2,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് നാലുവീതം ചപ്പാത്തിയും കറിയും അടങ്ങുന്ന സെറ്റാണ് ഉച്ചഭക്ഷണമായി നല്‍കുക.

ഇതിന്‍െറ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് വിയ്യൂര്‍ ജയിലിനാണ്. 10,000 ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് തയാറാക്കുന്നത്. നവംബറില്‍ പുറമെനിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങിയ ശേഷം ടേസ്റ്റ് ദ ഫ്രീഡത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.

കഴിഞ്ഞ വര്‍ഷമാണ് ജയില്‍ അന്തേവാസികള്‍ക്കുള്ള ഭക്ഷണം തയാറാക്കാന്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചത്. സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ദിനേന 4,000 ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്.
ആധുനികസംവിധാനങ്ങളുള്ള കൂടുതല്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചതോടെയാണ് പുറമെനിന്ന് ഓര്‍ഡര്‍ സ്വീകരിക്കാമെന്ന ആശയം തോന്നിയത്. ജയില്‍ നോഡല്‍ ഓഫിസറായ കെ. അനില്‍കുമാര്‍ ഈ ആലോചനയുമായി മുന്നോട്ടുപോകുകയും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കിട്ടുകയും ചെയ്തതോടെ ‘ടേസ്റ്റ് ദ ഫ്രീഡം’ എന്ന ബ്രാന്‍ഡ് നാമമിട്ട് തടവറയില്‍നിന്ന് സ്വതന്ത്രലോകത്തേക്ക് ചപ്പാത്തി എത്തിത്തുടങ്ങി.

ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിക്കുന്ന നാല് ചപ്പാത്തിയും കറിയും അടങ്ങിയ പാക്കറ്റിന് 20 രൂപയാണ് ഈടാക്കുന്നത്. ചപ്പാത്തി ബിസിനസില്‍നിന്ന് കിട്ടുന്ന ആദായം ഭക്ഷണ കാര്യത്തില്‍ വിയ്യൂര്‍ ജയിലിനെ സ്വയംപര്യാപ്തം ആക്കിയിട്ടുണ്ട്.
അന്തേവാസികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ വേണ്ടിവരുന്ന ചെലവ് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’യിലൂടെ കിട്ടുന്നുണ്ട്.