UDF

2011, ഡിസംബർ 1, വ്യാഴാഴ്‌ച

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്‌

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് ആവശ്യമുള്ളത്ര വെള്ളം നല്‍കാമെന്ന് പറഞ്ഞിട്ടും പുതിയ ഡാം നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാട് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആവശ്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ വ്യാഴാഴ്ച താന്‍ ഡല്‍ഹിക്ക് പോകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബുധനാഴ്ച അര്‍ധരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തശേഷമാണ് ഈ തീരുമാനമെടുത്തത്.

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതാണ് കേരളത്തിന്റെ സമീപനം. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഡാം കെട്ടിയേ തീരൂ. നിലവിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തുകയും വേണം. അതിനായി കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. പുതിയ ഡാം കെട്ടിയാലും മുല്ലപ്പെരിയാറില്‍ നിന്ന് നിലവില്‍ തമിഴ്‌നാടിനുള്ള വെള്ളം ഒരു കുറവുമില്ലാതെ കൊടുക്കാമെന്ന് കേരളം ഉറപ്പുനല്‍കുകയാണ്. ഈ ഉറപ്പ് സ്ഥാപിക്കാന്‍ എന്ത് ചെയ്യാനും കേരളം സന്നദ്ധമാണ്.

''ഇരുപതിനായിരം കോടി രൂപ മുടക്കി കൂടംകുളത്ത് നിര്‍മിച്ച ആണവനിലയത്തെ സ്വന്തം ജനങ്ങളുടെ സുരക്ഷയെക്കരുതി എതിര്‍ക്കുകയാണെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. അതുപോലെ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിനുണ്ട്. ഇക്കാര്യം എന്തുകൊണ്ട് തമിഴ്‌നാട് മനസ്സിലാക്കുന്നില്ല ?'' - ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയ്ക്കാനും ഇതിനുവേണ്ടി ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും കാരണവശാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ അത് താല്‍ക്കാലികമായെങ്കിലും ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കഴിയണം. ജനറേറ്ററുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് ചിലപ്പോള്‍ വേനല്‍ക്കാലത്ത് ഊര്‍ജപ്രതിസന്ധിയുണ്ടാകുമെങ്കിലും ഇപ്പോള്‍ സുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. സാധാരണയായി രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് കൊടുക്കുന്ന ജലത്തിന്റെ അളവിനെച്ചൊല്ലിയാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അതൊരു പ്രശ്‌നമേയല്ല. തമിഴ്‌നാടിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലം അതേ അളവില്‍ നല്‍കുമെന്ന് ഞങ്ങള്‍ കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിലപാട് കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.




Govt firm on its stand for new dam: CM