UDF

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

സങ്കടക്കടല്‍, തീര്‍പ്പായത് 85,000 പരാതികള്‍ക്ക്


സങ്കടക്കടല്‍, തീര്‍പ്പായത് 85,000 പരാതികള്‍ക്ക്



തൃശൂര്‍: അലകടലായി ആര്‍ത്തലച്ച പരാതിപ്രളയത്തില്‍ പ്രതീക്ഷയുടെ കപ്പിത്താനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിവേഗ മന്ത്രവുമായി മുന്നേറിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇന്നലെ തീര്‍പ്പ് കല്‍പിച്ചത് 85,000 പരാതികള്‍ക്ക്. കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷകളുമായി പല വാതിലുകള്‍ക്കു മുന്നിലും മുട്ടി മടുത്ത പൊതുജനത്തിന്റെ ദുഃഖം മുഖ്യമന്ത്രിയെ കണ്ടതോടെ അണപൊട്ടി. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത് രാത്രി പത്തുമണിയോടെയാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുമായി സര്‍വകക്ഷി സംഘത്തിനൊപ്പം കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശൂരില്‍ എത്തിയത്.

ഇന്ന് കാസര്‍കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ രാത്രി 12 മണിയോടെയെങ്കിലും തന്നെ പോകാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെയാണ് പരിപാടി തുടങ്ങിയത്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലെ റജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ അതിരാവിലെതന്നെ അപേക്ഷകര്‍ തിങ്ങിനിറഞ്ഞിരുന്നു. ഹ്രസ്വമായ ഉദ്ഘാടനത്തിനു ശേഷം സിഐടിയു തൊഴിലാളിയായിരുന്ന സുകുമാരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്നു വികലാംഗര്‍ക്കായി സജ്ജീകരിച്ച പ്രത്യേക ഭാഗത്തേക്ക് മുഖ്യമന്ത്രി നീങ്ങി. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഭൂരിഭാഗം സമയവും ചെലവഴിച്ചത് ദീനരും അബലരുമായവരുടെ കണ്ണീരൊപ്പുന്നതിനായിരുന്നു.

അതിനിടെ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാ സഹായം സംബന്ധിച്ച അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങി. നിശ്ചിത തുക വരെയുള്ള സഹായങ്ങള്‍ നല്‍കാനുള്ള അധികാരം വീതിച്ചു നല്‍കിയത് പരാതിക്കാരുടെ കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യം കുറച്ചു. ശരാശരി നാലുമണിക്കൂര്‍ കാത്തുനിന്ന ശേഷമാണ് പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയെയോ, മറ്റുള്ളവരെയോ കാണാന്‍ സാധിച്ചത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പരാതികള്‍ കേട്ടത്. പൊരിവെയിലില്‍ 25 പേര്‍ ബോധരഹിതരായി വീണു. ഇവരെ ജില്ലാ ആശുപത്രിയില്‍ ക്രമീകരിച്ച പ്രത്യേക വാര്‍ഡിലേക്കു മാറ്റി.