UDF

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

കാലുകള്‍ നഷ്ടപ്പെട്ട ഓട്ടുകമ്പനി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ 5 ലക്ഷം



പുതുക്കാട്: ഓടുനിര്‍മാണ യന്ത്രം വീണ് കാലുകള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ അഞ്ചുലക്ഷം ആശ്വാസമായി. പുതുക്കാട് തെക്കെ തൊറവ് മാങ്ങാറില്‍ പങ്കജാക്ഷന്റെ ഭാര്യ ഭാരതി (50)ക്കാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആശ്വാസമെത്തിയത്. നവംബര്‍ മൂന്നിനാണ് പാഴായി ചിത്ര ക്ലേ ക്രാഫ്റ്റിലെ തൊഴിലാളിയായ ഭാരതിക്ക് അപകടം സംഭവിച്ചത്. വലിയ ഓടുനിര്‍മാണ യന്ത്രം ഉയര്‍ത്തിമാറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ ഭാരതിയുടെ കാലുകളിലേക്ക് യന്ത്രം വീഴുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഭാരതിയുടെ രണ്ടു കാലുകളും മുറിച്ചുമാറ്റിയിരുന്നു. ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ഭാരതിയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്തിരുന്നു. തെക്കെതൊറവിലെ വീട്ടില്‍ ഭര്‍ത്താവുമൊത്താണ് ഭാരതി താമസിച്ചിരുന്നത്. ഒരേയൊരുമകള്‍ വിവാഹിതയായി വരാക്കരയില്‍ താമസിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷസമര്‍പ്പിച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ച കാര്യം രണ്ടുദിവസം മുമ്പേ വില്ലേജ് ഓഫീസര്‍ അറിയിച്ചിരുന്നു. ഭാരതിക്കുവേണ്ടി ഭര്‍ത്താവ് പങ്കജാക്ഷന്‍ തുക ഏറ്റുവാങ്ങി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തുക കൈമാറി. തൃശ്ശൂര്‍ അശ്വിനി ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാരതി സുഖം പ്രാപിച്ചുവരുന്നു.