UDF

2011, നവംബർ 30, ബുധനാഴ്‌ച

കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കൊല്ലം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തെ എതിര്‍ക്കുന്ന തമിഴ്നാട്, ഇനി അവര്‍ക്ക് കേരളത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന വെള്ളം ഒരു തുള്ളിപോലും കുറയാതെ നല്‍കാമെന്ന് പറഞ്ഞിട്ടും നമ്മുടെ ആശങ്ക തമിഴ്നാടിന് മനസ്സിലാവാത്തതില്‍ ദുഃഖമുണ്ട്. പുതിയ ഡാം നിര്‍മാണത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിയില്ല. കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ നിലയില്‍ വെള്ളം നല്‍കാമെന്ന കാര്യത്തില്‍ ഏതുറപ്പിനും ഏത് കരാറിനും കേരളം ഒരുക്കമാണ്. കേരളത്തിന്‍െറ സുരക്ഷപോലെതന്നെ തമിഴ്നാടിന് വെള്ളം കൊടുക്കുന്നതും നമ്മള്‍ പ്രധാനമായിട്ടാണ് കാണുന്നത്. അവരുമായി നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ അണക്കെട്ട് പണിയാന്‍ ഏത് മാര്‍ഗത്തിലും പണം കണ്ടെത്തും. തമിഴ്നാടിനോട് ചോദിക്കില്ല, എന്നാല്‍ കേന്ദ്രത്തോട് ചോദിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ നിലപാട് കേന്ദ്രത്തെ പൂര്‍ണമായും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് താന്‍ ദല്‍ഹിക്ക് പോകാത്തത്. കഴിഞ്ഞയാഴ്ച മന്ത്രിമാരെല്ലാം ദല്‍ഹിയില്‍ പോയി. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന സമയത്ത് താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.