UDF

2011, നവംബർ 17, വ്യാഴാഴ്‌ച

സാം പിട്രോഡ കേരള വികസന മെന്റര്‍




തിരുവനന്തപുരം:
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സത്യനാരായണ്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോഡ കേരളത്തിന്റെ വികസനകാര്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.


ഐക്യരാഷ്ട്ര സഭയുടെ മുന്‍ ഉപദേഷ്ടാവും ദേശീയ വിജ്ഞാന കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ പിട്രോഡയുടെ സേവനം കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി കുറച്ചുകാലമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിട്രോഡയെ നേരിട്ടു കണ്ടു സംസാരിച്ചു. ഇതേത്തുടര്‍ന്ന് കേരളവുമായി സഹകരിക്കാന്‍ അദ്ദേഹം സമ്മതം മൂളുകയാണുണ്ടായത്.



കേരള വികസനത്തിന്റെ 'മെന്റര്‍' എന്ന നിലയ്ക്കാണ് പിട്രോഡ അവതരിപ്പിക്കപ്പെടുക. പ്രതിഫലം വാങ്ങാതെയായിരിക്കും കേരളത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. താമസിയാതെ കേരളത്തിലെത്തുന്ന പിട്രോഡ മുഖ്യമന്ത്രി, മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ തുടങ്ങിയവരുമായെല്ലാം ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ പല വികസന പരിപാടികള്‍ക്കും സാം പിട്രോഡയുടെ സേവനം സഹായകരമാകുമെന്ന്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.



ഇന്ത്യയിലെ വാര്‍ത്താവിനിമയ വിപ്ലവത്തിന്റെ സൂത്രധാരനായാണ് പിട്രോഡ അറിയപ്പെടുന്നത്. 1984-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്. വാര്‍ത്താവിനിമയം, ജലം, സാക്ഷരത, രോഗപ്രതിരോധം, പാലുത്പാദനം, എണ്ണക്കുരു എന്നീ മേഖലകളിലെ സാങ്കേതിക മിഷനുകള്‍ക്ക് ഈ സമയത്ത് അദ്ദേഹം നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ ഉപദേശകനെന്ന നിലയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള സേവനങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.



2005-08 കാലയളവിലാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാനായി പിട്രോഡ പ്രവര്‍ത്തിച്ചത്. 27 ശ്രദ്ധാ മേഖലകളിലായി മുന്നൂറോളം നിര്‍ദേശങ്ങള്‍ ഈ വേളയില്‍ അദ്ദേഹം തയ്യാറാക്കി സമര്‍പ്പിച്ചു. നൂറോളം ടെക്‌നോളജി പേറ്റന്റുകള്‍ പിട്രോഡയുടെ പേരിലുണ്ട്. 1992 ലായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഉപദേശകനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.



സി-സാം ഇന്‍കോര്‍പ്പറേറ്റഡിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് അദ്ദേഹം. ഷിക്കാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലണ്ടന്‍, ടോക്കിയോ, മുംബൈ, വഡോദര എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഷിക്കാഗോയിലും ഡല്‍ഹിയിലുമായി സമയം ചെലവിടുന്ന അദ്ദേഹം 1984-ല്‍ ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനായി അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുകയായിരുന്നു. 2009ല്‍ രാഷ്ട്രം പിട്രോഡയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.