കൊച്ചി: സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട സേവനങ്ങള്‍ ജനാവകാശമായി മാറ്റുന്നതിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന ജനസമ്പര്‍ക്ക പരിപാടി 14 ജില്ലകളിലും പൂര്‍ത്തിയായാല്‍ അതില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
ജനസമ്പര്‍ക്ക പരിപാടിക്ക് വന്‍ ജനപങ്കാളിത്തമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല, അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പരാതികള്‍ കൂടുന്നത് നിലവിലുള്ള സംവിധാനത്തിന്റെ പരാജയമല്ലേയെന്ന വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ ആക്ഷേപം ഒരര്‍ത്ഥത്തില്‍ ശരിയാണ്. എന്തുകൊണ്ട് സംവിധാനം പരാജയപ്പെടുന്നുവെന്നത് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. കുറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാന്‍ താന്‍ ഒരുക്കമല്ല. തീരുമാനമെടുക്കുന്ന, പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കുന്ന സാഹചര്യം വന്നാല്‍ എന്ത് ചെയ്യും ? തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളായി കാണുകയും വിവാദങ്ങളില്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ചട്ടങ്ങളുടെ പേരില്‍ സി.ബി.ഐ. അന്വേഷണമോ, വിജിലന്‍സ് അന്വേഷണമോ വരുന്നത് ശരിയല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന, സ്വജനപക്ഷപാതം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ വകുപ്പ്തല നടപടി മാത്രമേ എടുക്കാവൂ.
ജനസമ്പര്‍ക്ക പരിപാടിക്കെതിരെ വന്നിട്ടുള്ള വിമര്‍ശനത്തെ പോസിറ്റീവായി എടുക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണരംഗം സുതാര്യവും സജീവവും ജനാഭിമുഖ്യവുമാക്കി മാറ്റും-ഉമ്മന്‍ചാണ്ടി പറഞ്ഞു.
Monday, November 14, 2011
Home »
oommen chandy
,
ഉമ്മന്‍ചാണ്ടി
» സര്‍ക്കാരോഫീസുകളുടെ സേവനം ജനാവകാശമാക്കുന്ന നിയമം കൊണ്ടുവരും-ഉമ്മന്‍ചാണ്ടി