UDF

2011, നവംബർ 4, വെള്ളിയാഴ്‌ച

വി.എസിന്റെ സ്വകാര്യകേസുകള്‍: പണം സര്‍ക്കാര്‍ നല്‍കില്ല


കോട്ടയം : വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ സുപ്രീംകോടതിയില്‍ വിവിധ കേസുകള്‍ക്ക്‌ അഭിഭാഷകരെ നിയോഗിച്ച വകയില്‍ ചെലവായ തുക സര്‍ക്കാര്‍ നല്‍കേണ്ടതില്ലെന്നു നിയമോപദേശം. വി.എസ്‌. നല്‍കിയ കേസുകളുടെ നിയമനടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും നടപടിക്രമമനുസരിച്ചു തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വി.എസ്‌. സ്വകാര്യകേസ്‌ ഫയല്‍ ചെയ്‌തതുവഴി ഒരുകോടിയോളം രൂപയാണു സര്‍ക്കാരിനു ബാധ്യത. ലോട്ടറിക്കേസില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചതിനാണു കൂടുതല്‍ പണം ചെലവായത്‌.

നടപടിക്രമം പാലിക്കാതെയാണു വി.എസ്‌. സ്വകാര്യകേസ്‌ ഫയല്‍ ചെയ്‌തതെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. പുറത്തുനിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നതിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചതിന്റെ അടിസ്‌ഥാനത്തിലാണു സര്‍ക്കാര്‍ നിയമോപദേശം തേടിയത്‌.

ഐസ്‌ക്രീം, ഇടമലയാര്‍ കേസുകള്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു പുറത്തുനിന്ന്‌ അഭിഭാഷകരെ നിയോഗിച്ചതെന്നാണു വി.എസിന്റെ നിലപാട്‌. എന്നാല്‍, സര്‍ക്കാരിനു വിശ്വാസമില്ലാത്ത അഭിഭാഷകരെ അഡ്വക്കേറ്റ്‌ ജനറല്‍ ഉള്‍പ്പെടെ പ്രധാനപദവികളില്‍ നിയോഗിച്ചതിനെപ്പറ്റി മറുപടി പറയാന്‍ വി.എസിനു ബാധ്യതയുണ്ടെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വി.എസിന്റെ വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അഴിമതിക്കേസുകളില്‍ അഭിഭാഷകരെ നിയോഗിച്ചതു പാര്‍ട്ടിയുടെ ചെലവിലല്ലെന്നും അലവന്‍സും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണു കേസ്‌ നടത്തുന്നതെന്നുമാണു വി.എസ്‌. പറഞ്ഞത്‌.

എന്നാല്‍, വി.എസ്‌. കേസ്‌ നടത്തിയതു പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയുടെ ചെലവിലാണെന്നു കോടതി പരാമര്‍ശത്തിന്റെ പശ്‌ചാത്തലത്തില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.