UDF

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

തന്റെ ഓഫീസില്‍നിന്ന് വാര്‍ത്താവിതരണം: വീഴ്ച വന്നുവെന്ന് മുഖ്യമന്ത്രി

തന്റെ ഓഫീസില്‍നിന്ന് വാര്‍ത്താവിതരണം: വീഴ്ച വന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: തന്റെ ഓഫീസില്‍നിന്ന് വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില വീഴ്ചകള്‍ വന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കുമെന്നും ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പല റിപ്പോര്‍ട്ടുകളും ആദ്യം മാധ്യമങ്ങള്‍ക്ക് കിട്ടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ജയിലില്‍ തടവുകാരുടെ ഫോണ്‍വിളി സംബന്ധിച്ച എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തന്നെ ഉദാഹരണം. സംഭവിച്ചത് സമ്മതിക്കുന്നതില്‍ വൈമനസ്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സമര്‍പ്പിക്കാത്ത പല റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചുവെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി നല്‍കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ടി.വി. രാജേഷ് എം.എല്‍.എ. പോലീസുകാരനെ മര്‍ദിച്ചുവെന്ന നിലയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച വാര്‍ത്ത. എന്നാല്‍ അങ്ങനെ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ഡി.ജി.പി. പറഞ്ഞതായും വാര്‍ത്ത കണ്ടു-അദ്ദേഹം പറഞ്ഞു.