UDF

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രശ്‌നം കോടതിയിലെന്ന് മുഖ്യമന്ത്രി; സി.ബി.ഐ. അന്വേഷണമില്ല



തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തിന് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തിയെന്ന് പ്രതിപക്ഷ ആരോപണം. ഇടതുസര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം വിജിലന്‍സ് അന്വേഷിച്ചിട്ടും അഴിമതിയുടെ ഒരു തുമ്പുപോലും കണ്ടെത്താന്‍ കഴിയാഞ്ഞിട്ടും ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്ന് മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ മറുപടിക്കുശേഷം പ്രതിപക്ഷം സഭവിട്ടിറങ്ങി.

കരാര്‍ നല്‍കിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതേ ആവശ്യം കോടതിയുടെ മുന്നിലിരിക്കുന്നതിനാല്‍ അതംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി തീരുമാനിക്കട്ടേയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അടിയന്തര പ്രമേയത്തിന് അനുമതി തേടി തോമസ് ഐസക്കാണ് പ്രശ്‌നം സഭയില്‍ കൊണ്ടുവന്നത്. ശൂന്യവേളയില്‍ സ്​പീക്കര്‍ ഇത് പരാമര്‍ശിച്ചപ്പോള്‍ തന്നെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേത്തുടര്‍ന്ന് പന്ത്രണ്ടരയ്ക്ക് ചര്‍ച്ചയ്ക്കുള്ള സമയം സ്​പീക്കര്‍ നിശ്ചയിക്കുകയായിരുന്നു.

ആരോപണങ്ങള്‍ക്ക് ഒന്നൊന്നായുള്ള മറുപടി ഉള്‍ക്കൊള്ളിച്ചും താന്‍ തുടങ്ങിവെച്ച പദ്ധതിക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ച ഒരുക്കിയതും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വി. എസ്. സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തില്‍ മെക്കോണ്‍ കമ്പനിക്കുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള തീരുമാനം എടുത്തത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് താന്‍ കത്തെഴുതിയത് അടിയന്തര സാഹചര്യത്തിലാണ്. അതും പ്രതിപക്ഷം ആരോപിച്ചതുപോലെ ഒന്നല്ല , മൂന്ന് കത്ത് എഴുതിയിട്ടുണ്ട്. മലിനീകരണത്തിന്റെ പേരില്‍ ടൈറ്റാനിയം പൂട്ടാന്‍ സമിതി നിശ്ചയിച്ചതിന്റെ ഒടുവിലത്തെ ദിവസം ഏപ്രില്‍ 26 ആയിരുന്നു. 23 നാണ് കത്തെഴുതിയത്. കമ്പനിയിലേക്കുള്ള വൈദ്യുതി, വെള്ളം എന്നിവയെല്ലാം നിര്‍ത്തലാക്കാനായിരുന്നു ഉത്തരവ്. ഈ ഘട്ടത്തില്‍ സി.ഐ.ടി.യു നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരടക്കം എല്ലാ തൊഴിലാളി യൂണിയന്‍ നേതാക്കളും തന്നെ വന്നുകണ്ട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.

''ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെടേണ്ടേ ? അല്ലാതെ ഉലക്കയും വിഴുങ്ങിയിരുന്നാല്‍ മതിയോ ? ഈ കത്തിന്റെ പേരിലാണ് ടൈറ്റാനിയം അന്ന് പൂട്ടാതിരുന്നത്. കത്ത് എഴുതിയതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുന്നു. അതിനുള്ള തന്‍േറടം എനിക്കുണ്ട്. എന്റെ ഇടപെടല്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് കണ്ടാല്‍ എനിക്കാവശ്യമില്ലാത്ത കാര്യത്തിലും ഞാനിടപെടും. അതെന്റെയൊരു ശീലമായിപ്പോയി. അതിന്റെ ഉത്തരവാദിത്വവും ഏല്‍ക്കും''- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈയിടപാടില്‍ ഇത്രയും അഴിമതി നിറഞ്ഞതായിരുന്നെങ്കില്‍ എന്തിന് അതിന്റെ ഉദ്ഘാടനം തുടര്‍ന്നുവന്ന എളമരം കരീം നടത്തിയെന്ന് അദ്ദേഹം ചോദിച്ചു. എളമരം കരീം വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ പദ്ധതി ഏറ്റവും ആവശ്യമാണെന്നും ഇതിന്റെ പുരോഗതി താന്‍ മാസം തോറും പരിശോധിക്കുമെന്നും പറഞ്ഞതിന്റെ മിനിട്‌സും മുഖ്യമന്ത്രി വായിച്ചു. താന്‍ കത്തെഴുതിയത് അസാധാരണമായ തിടുക്കമായിരുന്നെങ്കില്‍ എളമരം ചെയ്തതിനെ എന്ത് വിളിക്കും. ''ഈ കാര്യമൊക്കെ നല്ലത്, എന്നാല്‍ ഇതൊക്കെ ചെയ്തിട്ട് ഇവിടെവന്ന് എന്നോട് ഈ പണി കാണിക്കരുത്''-വികാരാവേശിതനായി മുഖ്യമന്ത്രി പറഞ്ഞു.

മോണിറ്ററിങ് സമിതിക്കെഴുതിയ കത്തില്‍ മെക്കോണിന്റെ കാര്യം സൂചിപ്പിച്ചത് കമ്പനി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അവരുമായി ചേര്‍ന്ന് മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടിയെടുക്കുന്നുവെന്ന് കാണിക്കാനാണ്. അക്കാര്യത്തിലുള്ള ആത്മാര്‍ത്ഥത ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. അല്ലാതെ മെക്കോണിന് കരാര്‍ നല്‍കണമെന്നോ, ഇത്ര തുകയ്ക്ക് നല്‍കണമെന്നോ പറയാന്‍ അവരുടെ വക്കാലത്തൊന്നും തനിക്കില്ല.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അഞ്ചുവര്‍ഷമിരിക്കുകയും, വിജിലന്‍സ് കിണഞ്ഞ് ശ്രമിച്ചിട്ടും അഴിമതിയുടെ ഒരു തരിമ്പുപോലും കണ്ടെത്താന്‍ പറ്റിയില്ല. സി.ബി.ഐ അന്വേഷണം മുന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. വിജിലന്‍സ് ഇന്ന കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടെന്നും ഇന്ന വിവരങ്ങള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. അന്വേഷണം നടത്താന്‍ നോട്ടിഫിക്കേഷന്‍ അനിവാര്യമാണെന്ന് ലോട്ടറി കേസില്‍ കണ്ടതാണ്. നിങ്ങളുടെ കഴിവുകേടുകൊണ്ടാണ് സി.ബി.ഐ അന്വേഷണം നടക്കാതെ പോയത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അതാവശ്യപ്പെട്ടുകൂടേയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

''നിങ്ങളുടെ കഴിവുകേട് തലയിലേറ്റാന്‍ തങ്ങളില്ല. അതിന് വേറെ ആളെ നോക്കണം. നിങ്ങള്‍ക്ക് സാധ്യമല്ലാഞ്ഞത് ഞങ്ങള്‍ക്കും സാധ്യമല്ല''-മുഖ്യമന്ത്രി പറഞ്ഞു. ഈ സമയം സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിച്ചു.

പ്രതിപക്ഷം നാണംകെട്ടാണ് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതെന്ന് അപ്പോള്‍ മുഖ്യമന്ത്രി പരിഹസിച്ചു. ഇ.എം.എസിന്റെ മരുമകന്‍ എ.ഡി. ദാമോദരന്‍ നിര്‍ദേശിച്ച 108 കോടി രൂപയുടെ മാലിന്യ നിയന്ത്രണ സംവിധാനമാണ് അവിടെ നടപ്പാക്കുന്നത്. ഇതിനൊപ്പം 126 കോടിയുടെ വികസന പദ്ധതിയും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടി തുടര്‍ന്നപ്പോള്‍ ഇറങ്ങിപ്പോയ പ്രതിപക്ഷം വീണ്ടും സഭയിലേക്ക് മടങ്ങി മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള മുദ്രാവാക്യം മുഴക്കി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലാത്തതിനാലാണ് ചര്‍ച്ചക്ക് സന്നദ്ധമായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടിന് സഭ തള്ളി.