UDF

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മറ്റുള്ളവര്‍ പറയുന്നതിലെ ശരി മനസ്സിലാക്കാന്‍ ജന്രപതിനിധിക്കാകണം

എത്ര ഉന്നതപദവിയിലെത്തിയാലും എല്ലാം തികഞ്ഞുവെന്ന് ധരിച്ചാല്‍ അത് പരാജയത്തിന്റെ തുടക്കമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ സാമാജികര്‍ക്കുള്ള ത്രിദിന ഓറിയന്‍േറഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

25ഉം 50ഉം വര്‍ഷം മുമ്പുള്ള കാഴ്ചപ്പാടല്ല ജനങ്ങള്‍ക്ക് ഇന്നുള്ളത്. അതിനാല്‍ പലകാര്യങ്ങളും ജനപ്രതിനിധികള്‍ മനസ്സിലാക്കിയേ മതിയാകൂ. എല്ലാകാര്യങ്ങളിലും ജനപ്രതിനിധിയുടെ ഇടപെടല്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്തുപഠിക്കാനെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. അനുഭവസമ്പത്തുള്ളവരാണെങ്കിലും എല്ലാകാര്യങ്ങളിലും ജനപ്രതിനിധികള്‍ വിദഗ്ദരല്ല. മറ്റുള്ളവര്‍ പറയുന്നത് ഉള്‍ക്കൊള്ളാനും അതിലെ ശരികള്‍ മനസ്സിലാക്കാനും നാം തയാറാകണം.

ജനത്തിന്റെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കുകയെന്നത് പ്രയാസകരമാണ്. എങ്കിലും അവര്‍ക്കൊപ്പം നിന്ന് കഴിയുന്നത്ര പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു. സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്വാഗതവും ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍ നന്ദിയും പറഞ്ഞു.