UDF

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി -ഉമ്മന്‍ചാണ്ടി

അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്താണ് പാമോയില്‍ ആക്ഷേപത്തിലൂടെ തനിക്ക് കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമോയില്‍ കേസില്‍ 20 വര്‍ഷം തന്‍െറ പേര് ആരും പറയാതിരുന്നിട്ട് പെട്ടെന്ന് പറഞ്ഞപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായി. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ടൈറ്റാനിയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതി ആരോപണം വന്നപ്പോള്‍ അക്കാര്യം ബോധ്യമായി. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഉമ്മന്‍ചാണ്ടി നൂറ് കോടിയുടെ അഴിമതി നടത്തിയെന്ന വി. ശിവന്‍കുട്ടിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതിയില്‍ മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നാണ് ശിവന്‍കുട്ടി ആരോപിച്ചത്. മലിനീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ 32 സ്ഥാപനങ്ങള്‍ പൂട്ടാനാണ് സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി കത്ത് തന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കിയാല്‍ എ.എഫ്.എ.സി.ടിയും ടൈറ്റാനിയവും പൂട്ടാതിരിക്കാമെന്ന വ്യവസ്ഥയും അവര്‍ മുന്നോട്ടുവെച്ചു. അതിന്‍െറ അടിസ്ഥാനത്തിലാണ് പ്ളാന്‍റ് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ടുപോയത്.
അഴിമതിയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാറിന് പദ്ധതി നടത്താതിരിക്കാമായിരുന്നല്ളോ. പദ്ധതിയുടെ ചെലവ് കുറഞ്ഞുവെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ഉല്‍പാദനം കൂട്ടി മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയാണ് തന്‍െറ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മലിനീകരണം കുറയ്ക്കാനുള്ള പദ്ധതി മാത്രമാണ് എല്‍.ഡി.എഫ്നടപ്പാക്കിയത്.

കഴിഞ്ഞ സര്‍ക്കാറാണ് പദ്ധതി നടപ്പാക്കിയതും മാറ്റം വരുത്തിയതും. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കഴിഞ്ഞ നാല്വര്‍ഷം കൊണ്ട് വിജിലന്‍സ് അന്വേഷണം നടത്തി കണ്ടെത്താത്തതെന്താണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഒരു തെളിവും കിട്ടാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടുന്നത്.

പാമോയില്‍ കേസ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വിജിലന്‍സ് കോടതിയില്‍ വന്നപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞതിന് താഴെയുള്ള കാര്യങ്ങള്‍ മാത്രമാണ് കഴിഞ്ഞദിവസം ഹൈകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുള്‍പ്പെട്ട കേസായതിനാല്‍ സര്‍ക്കാറിന്‍െറ പ്രധാന അഭിഭാഷകനൊന്നുമല്ല ഹൈകോടതിയില്‍ ഹാജരായത്.

പാമോയില്‍ കേസിന്‍െറ അന്വേഷണത്തെ ബാധിക്കുന്ന ഒരുഇടപെടലും സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.