UDF

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല

തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല




തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മുന്‍
ഡയറക്ടര്‍ ജനറലായ തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചതില്‍
അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന
ആരോപണങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.


സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രയോജനകരമായി ആരുടെ സേവനം കിട്ടും
എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. വിവാദത്തില്‍ താല്‍പര്യമില്ല. റിസള്‍ട്ട്
കിട്ടുമോ എന്നാണ് നോക്കുക. അതിന് യോഗ്യനെന്ന് എല്ലാവരും ചൂണ്ടിക്കാണിച്ച
ആളാണ് തരുണ്‍ദാസ്. ആരേയെങ്കിലും ഫോണ്‍ വിളിച്ചു എന്നതിന്റെ പേരില്‍ നഷ്ടം
ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.


ബസ്ചാര്‍ജ് വര്‍ധനവില്‍ നാലാം ഫെയര്‍സ്‌റ്റേജിനെക്കുറിച്ചാണ് പരാതി
വന്നത്. അത് പരിഹരിച്ചിട്ടുണ്ട്. മറ്റ് ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടില്ല. എം.എല്‍.എമാര്‍ക്ക് രണ്ടാമത്തെ പി.എ വെക്കുന്നത്
പരിഗണിക്കും. ഡെപ്യൂട്ടേഷനിലോ അല്ലാതെയോ നിയമിക്കാം. ഇതുസംബന്ധിച്ച്
തീരുമാനമെടുത്ത് സഭയെ അറിയിക്കും.


നിയമസഭയിലെ ടേപ്പ് പരിശോധനയെക്കുറിച്ച് പ്രതിപക്ഷം പ്രതികരിച്ചില്ല.
പ്ലസ്ടു അധിക ബാച്ചുകളിലെ നിയമനത്തിന് കോഴവാങ്ങുന്നുവെന്ന ആരോപണം
അന്വേഷിക്കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം
പറഞ്ഞു.