UDF

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഷാപ്പിലായിരുന്നെങ്കില്‍ വോട്ടുചെയ്ത് പുറത്താക്കാത്തതെന്തെന്ന് മുഖ്യമന്ത്രി





തിരുവനന്തപുരം: ഭരണകക്ഷി എം.എല്‍.എ.മാര്‍ കള്ളുഷാപ്പിലും ചായക്കടയിലുമായിരുന്നുവെങ്കില്‍ പ്രതിപക്ഷം എന്തുകൊണ്ട് നിയമസഭയില്‍ വോട്ടുചെയ്ത് സര്‍ക്കാരിനെ പുറത്താക്കിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.

നിയമസഭയില്‍ പോള്‍ ആവശ്യപ്പെട്ടിട്ട് വോട്ടുചെയ്യാതെപോയ പ്രതിപക്ഷം എന്തുപ്രതിപക്ഷമാണെന്ന് മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ നിയമസഭയില്‍ വോട്ടുചെയ്യണമായിരുന്നു. എന്നിട്ടാണ് ഇതുപോലൊരു നാണംകെട്ട ആവശ്യവുമായി രാജ്ഭവനിലേക്ക് പോയത്. ഇപ്പോഴത്തെ ഭരണകക്ഷി പ്രതിപക്ഷത്തിരുന്നപ്പോഴും ഇതുപോലെ രാജ്ഭവനില്‍ പോയിട്ടില്ലേയെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇത്തരം നാണംകെട്ട ആവശ്യങ്ങളുമായി പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണ് അന്ന് ഗവര്‍ണറെ കാണാന്‍ പോയത്.

അവിടെ പോകാതെ ഇവിടെ വോട്ടുചെയ്യാമായിരുന്നല്ലോ. ഭരണകക്ഷി എം.എല്‍.എ.മാര്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുമായിരുന്നില്ല. രണ്ട് എം.എല്‍.എ.മാര്‍ അനുവാദം വാങ്ങിയശേഷമാണ് പോയത്. രണ്ടുപേര്‍ പോയാലും ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷത്ത് 67 പേര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അവര്‍ വോട്ട് ചെയ്തില്ല. എന്നാല്‍ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ഭരണപക്ഷത്ത് 62 പേരേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ അത് ഗൗരവമായി കാണേണ്ട കാര്യമായിരുന്നു.

ധനകാര്യം പ്രസംഗിക്കാന്‍ കൂടുതല്‍ സമയം എന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആരോപണം എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അനുവദിച്ച സമയംപോലും ധനകാര്യമന്ത്രി എടുത്തില്ലെന്നായിരുന്നു മറുപടി. 10 മിനിറ്റ് മാത്രമാണ് അദ്ദേഹം എടുത്തത്. മറ്റ് മന്ത്രിമാര്‍ സംസാരിച്ചതുമില്ല.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മര്‍ദനം നടത്തിയതായി കണ്ട ഒരു പോലീസുകാരനെ ആ സ്ഥലത്തുവെച്ചുതന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.