UDF

2011, ജൂലൈ 29, വെള്ളിയാഴ്‌ച

കേരളത്തില്‍ 12010 കോടിയുടെ വാര്‍ഷിക പദ്ധതി

 
* കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാമുഖ്യം

ന്യൂഡല്‍ഹി:കേരളത്തില്‍ നടപ്പു സാമ്പത്തികവര്‍ഷം 12,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ അനുമതി നല്‍കി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയും ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്.

കൃഷി, ടൂറിസം, ആരോഗ്യ, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയ്ക്കായിരിക്കും വാര്‍ഷിക പദ്ധതിയില്‍ ഊന്നല്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ തുകയാണ് ഇക്കുറി പദ്ധതി അടങ്കലായി അംഗീകരിച്ചത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആസൂത്രണക്കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട് അതുകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, കെ.പി. മോഹനന്‍, കെ.സി. ജോസഫ്, കെ. ബാബു തുടങ്ങിയവരും പങ്കെടുത്തു.സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ തയ്യാറാക്കിയ നിര്‍ദേശമനുസരിച്ച് 11,030 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് അംഗീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കമ്മീഷന്‍ കൂടുതല്‍ തുകയുടെ പദ്ധതി അംഗീകരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ കൂടുതല്‍ തുക ചെലവഴിക്കും.

ഈ മേഖലകളില്‍ കേരളം മുമ്പേ വന്‍നേട്ടം കൈവരിച്ചതിനാല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സഹായം അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. അതിനാലാണ് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിണഗന നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പദ്ധതി അടങ്കല്‍ വര്‍ധിപ്പിച്ചതിനാല്‍ ഓരോ മേഖലയ്ക്കും നീക്കിവെക്കുന്ന തുക പിന്നീട് കൃത്യമായി തീരുമാനിക്കും. ആസൂത്രണക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു ഉദ്യോഗസ്ഥര്‍ ഉടനെ കേരളത്തിലേക്ക് വരും.

പദ്ധതിവിഹിതം 100 ശതമാനവും ചെലവഴിക്കാന്‍ ശ്രമിക്കും. കഴിഞ്ഞകൊല്ലം അംഗീകരിച്ച തുകയുടെ 87 ശതമാനത്തില്‍ താഴെ മാത്രമേ മുന്‍ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളൂ.

കമ്മീഷന്റെ ചില നിബന്ധനകള്‍ നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട് കേരളം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് കമ്മീഷന്‍ സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ കാര്യത്തില്‍ കമ്മീഷന്റെ മുന്‍നിലപാടില്‍ മാറ്റം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ ഇതിനായി 25 കോടി രൂപ നീക്കിവെച്ചിരുന്നു. അതിന് അനുമതി ലഭിച്ചിട്ടുണ്ട്.



Oommen Chandy meets Montek Singh Alhuvalia